Showing posts with label dog. Show all posts
Showing posts with label dog. Show all posts

Friday, March 16, 2007

പട്ടിപിടുത്തം @ ബാംഗ്ലൂര്‍‌

ബാംഗ്ലൂരില്‍ തെരുവു പട്ടികള്‍ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കടിച്ചു കൊന്നു. ഓരോ മാസവും 200 പേര്‍ പട്ടികളുടെ കടിയേറ്റു ആശുപത്രിയില്‍ എത്തുന്നു. അക്രമവാസനയുള്ള തെരുവുനായ്ക്കളെ കൊല്ലാനുള്ള ബാംഗ്ലൂര്‍‌ മുന്സിപാലിറ്റിയുടെ ശ്രമങ്ങള്‍ ഒരു സംഘം ജന്തുസ്നേഹികളുടെ എതിര്‍പ്പു കാ‍രണം നിര്‍ത്തിവെച്ചു.

ബാംഗ്ലൂരില്‍ രാത്രി ഓഫീസില്‍ നിന്നും തിരിച്ചു വീട്ടിലേക്കു വരുമ്പോള്‍ ചിലസ്ഥലങ്ങളില്‍ നായ്ക്കള്‍ നാലു ഭാഗത്തു നിന്നും കുരച്ചു ചാടി വരാറുണ്ട്. ബൈക്കില്‍ പോകുമ്പോള്‍ അവ പിന്നില്‍ കുരച്ചു കൊണ്ടോടി വരും. കടിച്ചു കീറാനുള്ള അവരുടെ ശ്രമങ്ങളില്‍ നിന്നും എന്തൊക്കെയോ ഭാഗ്യം കൊണ്ടു രക്ഷപ്പെടുന്നു. ഈ നായ്ക്കള്‍ക്കു എന്നോടെന്തെങ്കിലും പകയുണ്ടോ എന്നു ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു. പല സുഹൃത്തുക്കളും സമാനസംഭവങ്ങള്‍ വിവരിച്ചപ്പോഴാണ് യാഥാര്‍ത്ഥ്യം മനസ്സിലായത്. എന്നേപ്പോലെ പലരും പട്ടിയുടെ അക്രമങ്ങള്‍ മൂകമായി സഹിക്കുന്നു. ഇതിനെതിരെ നടപടികളെടുക്കണമെന്നു പരാതികൊടുക്കുന്നവരുടെ വീട്ടിനുമുന്നില്‍ ജന്തുസ്നേഹികള്‍ നിരാഹാരസത്യാഗ്രഹം തുടങ്ങും.

ആരാണീ ജന്തുസ്നേഹികള്‍? എന്നെങ്കിലുമവര്‍ തെരുവുനായ്ക്കള്‍ക്ക് ഒരു ബിസ്ക്കറ്റോ ഒരു തുള്ളി വെള്ളമോ കൊടുത്തിട്ടുണ്ടാകുമോ? അവര്‍ക്ക് രാത്രിയില്‍ റോഡില്‍ നടക്കേണ്ടി വന്നിട്ടുണ്ടാകുമോ? മരിച്ച പിഞ്ചുകുഞ്ഞുങ്ങള്‍ റോഡ്സൈഡില്‍ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ മക്കളാണ്‌. ഇനി ഇതുപോലുള്ള അനുഭവം ഉണ്ടാവാതിരിക്കാനുള്ള എന്തെങ്കിലും മാര്‍ഗ്ഗം ജന്തുസ്നേഹികള്‍ മുന്നോട്ട് വെച്ചിട്ടുണ്ടോ? മൃഗീയമായ അനുഭവങ്ങള്‍ ഇനി ഉണ്ടാവാതിരിക്കാന്‍ അക്രമികളായ തെരുവുനായ്ക്കളെ വീട്ടുവളപ്പില്‍ പുനരധിവസിപ്പിക്കാന്‍ ജന്തുസ്നേഹികള്‍ അനുവദിക്കുമോ?