Thursday, November 01, 2007

Khardung-La - ലോകത്തിന്റെ നെറുകയില്‍

ലേ - നുബ്രാവാലി ഹൈവേയിലെ ഏറ്റവും ഉയര്‍ന്ന പോയിന്റാണ് Khardung-La. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഗതാഗതയോഗ്യമായ റോഡ് ഇതാണെന്ന് പറയപ്പെടുന്നു. Octoberലെ ഒരു തണുത്ത പ്രഭാതത്തില്ലാണ് നുബ്രാവാലി ലക്ഷ്യമാക്കി ഞങ്ങളുടെ ഓംനി വാന്‍ യാത്ര തിരിക്കുന്നത്.

ദുര്‍ഘടമായ പാത മഞ്ഞുവീണു മിനുസപ്പെട്ടതിനാല്‍ വളരെമെല്ലെയുള്ള യാത്ര. മലയുടെ ഓരം ചേര്‍ന്ന് വളവും തിരിവുമുള്ള റോഡ്. പുറത്തുള്ള മഞ്ഞുകാറ്റ് ഗ്ലാസ്സിനിടയിലൂടെ വാനിനുള്ളിലേക്ക് അരിച്ചിറങ്ങുന്നു.
റോഡില്‍ army ട്രക്കുകളുടെ convoyകള്‍‍ മാത്രം. "സര്‍, സിയാച്ചിന്‍ ബേസ് ക്യാമ്പിലേക്ക് സാധനങ്ങളുമായി പോകുകയാണവ" അന്തം വിട്ട് നോക്കിയിരിക്കുന്ന ഞങ്ങളോട് വാന്‍ ഡ്രൈവര്‍ യൂസഫ് പറഞ്ഞു.

മൂളിയും ഞരങ്ങിയും മഞ്ഞില്‍ ഒഴുകിയും ഞങ്ങളുടെ ഒംനി ഒടുവില്‍ മഞ്ഞും മലയും കടന്ന് മുകളിലെത്തി. Khardung - La - World's highest motorable Road എന്ന് ഒരു ബോര്‍ഡ്. ഒരു ഒറ്റമുറി restaurant. നിര്‍ത്തിയിട്ടിരിക്കുന്ന രണ്ട് ആര്‍മി ട്രക്കുകള്‍. അവയുടെ ചക്രങ്ങള്‍ക്ക് പട്ടാളക്കാര്‍ ചങ്ങല കെട്ടുന്നു, റോഡിലെ മഞ്ഞില്‍ വാഹനം തെന്നാതിരിക്കാന്‍.
"സര്‍, നിങ്ങളുടെ കൂടെ ഫോട്ടോ എടുത്തോട്ടെ?". പണി നിര്‍ത്തി പെട്ടെന്നവര്‍ പോസ് ചെയ്തു. "ഉം, പെട്ടെന്ന്, ബോസ് കാണുന്നതിന്നു മുന്‍പെ എടുത്തോ.".

കഠിനമായ മഞ്ഞുകാറ്റില്‍ കയ്യും കാലും അല്പസമയത്തിനുള്ളില്‍ തന്നെ മരവിച്ചു തുടങ്ങി. നേരെ restaurant-ലേക്ക് കയറി, നല്ല ആവി പറക്കുന്ന ചായ അകത്താക്കി, ദേഹം ചൂടാക്കി. ചായക്ക് ഒന്നിനു 5 രൂപ.
പുറത്ത് മഞ്ഞുകാറ്റിലും പട്ടാളക്കാര്‍ പണി തുടരുന്നു. "ഇന്ന് തണുപ്പ് -12 ഡിഗ്രി", ചായ കുടിച്ചുകൊണ്ടിരിക്കുന്ന ഒരു ജവാന്‍ പറഞ്ഞു.


"ഇനി നുബ്രാവാലിയിലേക്ക് പോകാന്‍ പറ്റില്ല.", അകത്തെ ജവാന്മാരോട് തിരക്കിയ ശേഷം യൂസഫ് ഞങ്ങളോട് പറഞ്ഞു. "റോഡില്‍ രണ്ടും മൂന്നും അടി മഞ്ഞ് വീണിരിക്കയാണത്രെ."
അന്ന് നുബ്രാവാലിയും പാനമിക്കും കണ്ട് അവിടെയെവിടെയെങ്കിലും തങ്ങാമെന്നായിരുന്നു പ്ലാന്‍. ഞങ്ങള്‍ ഒരല്പം നിരാശരായി.

"ഞാന്‍ വേണമെങ്കില്‍ നിങ്ങളെ അവിടെയെത്തിക്കാം... പക്ഷെ നാളെ തിരിച്ചു വരവ് അസാധ്യമാണു സര്‍... മാത്രമല്ല, മിക്കവാറും ഇന്നു ആര്‍മി റോഡ് അടക്കും... അങ്ങനെയെങ്കില്‍ നാലോ, അഞ്ചോ ദിവസം അവിടെ കിടക്കേണ്ടി വരും..." യൂസഫിന്റെ വാക്കുകള്‍.

നുബ്രാവാലിയും പാനമിക്കും ഉപേക്ഷിച്ച് മടങ്ങുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു ഞങ്ങള്‍ക്ക്.

Khardung-La യെപ്പറ്റി കൂടുതല്‍:

Wikipedia:
http://en.wikipedia.org/wiki/Khardung_La

Aerial View:
http://wikimapia.org/#y=34279094&x=77604182&z=18&l=0&m=a&v=2

7 comments:

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

മഞ്ഞിലൂടെയുള്ള ഒരു യാത്ര എന്റെയും ആഗ്രഹമാണ്
:)

കുറച്ചു പ്രകൃതി ദൃശ്യങ്ങള്‍ ഇടാമായിരുന്നു

നിഷ്ക്ക‌ളങ്കന്‍ said...

കട്ടി തന്നെ തണുപ്പ്. ഫോട്ടോ കണ്ടിട്ട് തണുക്കുന്നു.

Vipin A. K. said...

ജിഹേഷ് , നിഷ്ക്ക‌ളങ്കന്‍ നന്ദി :)
കൂടുതല്‍ ദൃശ്യങ്ങള്‍ പോസ്റ്റുന്നുണ്ട്...

കൃഷ്‌ | krish said...

ചിത്രങ്ങള്‍ കാണാന്‍ നന്ന്‌.

കര്‍ദുങ്‌ലാ ചിത്രങ്ങള്‍ മനോഹരമാണെങ്കിലും അവിടെ നില്കുന്നവര്‍ക്കേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുകയുള്ളൂ. ഓക്സിജന്റെ കുറവ്, മരം കോച്ചുന്ന തണുപ്പ്, കൊടും ശീതക്കാറ്റ്. കാലിന്റെ വിരലുകള്‍ തണുത്ത് മരവിച്ച് ചുവന്നിരിക്കും (സ്നോ-ബൈറ്റ്), കൈവിരലുകള്‍ക്കും, കാല്പാദത്തിലും വേദന. ആസ്തമ, സൈനസിറ്റിസ് ഉള്ളവര്‍ക്ക് അതിന്റെ വിഷമം. ശരീരത്തിന്റെ താപം നിലനിര്‍ത്താന്‍ ഒന്നിലധികം സ്വെറ്ററുകളും ജാക്കറ്റും, തൊപ്പിയും മറ്റും ധരിക്കണം.തിളച്ച ചായ കപ്പിലൊഴിച്ച് ഒരു മിനിട്ടിനകം ചൂട് പോയിരിക്കും.
ഈ പരിതസ്ഥിതിയില്‍ അവിടെ ജോലി ചെയ്യുന്ന ജവാന്മാരെയും റോഡ് തൊഴിലാളികളെയും സമ്മതിക്കണം.

Vipin A. K. said...

കൃഷ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. നമ്മുടെ ജവാന്മാരോട് വളരെയധികം ബഹുമാനവും ആദരവും തോന്നുന്നു. നമുക്കൊക്കെ വേണ്ടി എന്തുമാത്രം ബുദ്ധിമുട്ടുകളാണ് അവര്‍ അനുഭവിക്കുന്നത്.

Naradan said...

പുതിയ യുഗത്തിലെ യാത്രാ വിവരണത്തിനു വളരേയധികം നന്ദി

Vipin A. K. said...

നന്ദി, നാരദന്‍ :)